കാണാക്കാഴ്ച്ചകൾ


























1. ശിശുസൗഹൃദ വിദ്യാലയത്തിന് പ്രകൃതി നൽകിയ സർട്ടിഫിക്കറ്റ്

അഞ്ചാം ക്ലാസിലെ കുട്ടികളെ പടിഞ്ഞാറുനിന്നുള്ള വെയിലിൽനിന്നു രക്ഷിക്കാനാണ് ചിറ്റമൃത് വള്ളി പടർത്തി ഔഷധപ്പന്തൽ ഒരുക്കിയത്. ഇന്നത് 'യൂഡോസിമ' വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് നിശാശലഭങ്ങളുടെ പ്രജനനകേന്ദ്രമാണ് . കുട്ടികൾ സ്ഥിരമായി ഇടപെടുന്ന ഈ പന്തലിൽ ഒരു ബുൾബുൾ (ഇരട്ടത്തലച്ചി)കൂടുകൂട്ടിയിരിക്കുന്നു. ഇന്നതിൽ രണ്ടുമുട്ടയുമുണ്ട്. അതുവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ കാണാൻ കാത്തിരിക്കുകയാണ് കുട്ടികൾ. സ്കൂളിലെ ജൈവവേലിയിലും, കയ്പപ്പന്തലിലും ബുൾബുൾ മുട്ടകൾ വിരിഞ്ഞുപോകുന്നത് മുൻപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാലിത് ഏറെ അദ്ഭുതപ്പെടുത്തുന്നു. ചൂളിയാട് സ്കൂളിലെ കുട്ടികളിലുള്ള നന്മയ്ക്കും, പ്രകൃതിയുമായുള്ള താദാത്മ്യത്തിനും ഉത്തമനിദർശനമല്ലേ ഈ പക്ഷിക്കൂടും അതിലെ മുട്ടകളും!!!!!.



 1a. വള്ളിക്കുടിലിൽ ഒരു പക്ഷിക്കൂട്
 സ്കൂളങ്കണത്തിലെ ഒരു പ്രധാന കാഴ്ച.  കക്കോത്തെ ഷനോജ് സമ്മാനിച്ച എട്ടോളം കുഞ്ഞുപക്ഷികളുള്ള കൂടിനുമുകളിലേക്ക് ഇരുഭാഗത്തുനിന്നും വള്ളിച്ചെടികൾ പടർത്തി വിട്ടിരിക്കുന്നു. അവ പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ച കാണേണ്ടതു തന്നെ. കുട്ടികളിലെ നിരീക്ഷണപാടവവും, പക്ഷിനിരീക്ഷണ ശീലവും വളർത്താൻ പറ്റിയ കളരിയാണു പക്ഷിക്കൂട്.



  2 മുന്തിരിത്തോപ്പും ശിശുസൗഹൃദ പാർക്കും

        2009-ലാണ് ശിശുസൗഹൃദപാർക്ക് നിർമ്മിച്ചത്. പാർക്കിൽ കളിക്കുന്ന കുട്ടികൾക്കു വെയിലുകൊള്ളാതിരിക്കാൻ സമീപത്തായി ഒരു 'ഉറക്കംതൂങ്ങി മര'ത്തിന്റെ തൈയുംനട്ടു. ഈ മരം വളർന്നു പന്തലാകുന്നതുവരെ വെയിലിൽ നിന്നു കുട്ടികളെ എങ്ങനെ രക്ഷിക്കും! ....അങ്ങനെയാണ് 'മുന്തിരിത്തോപ്പ്' രൂപം കൊള്ളുന്നത്. എട്ടു മീറ്റർ ദീർഘവൃത്താകൃതിയിൽ ശീമക്കൊന്നത്തൂണുകളിൽ, ജി ഐ പൈപ്പും, നൂൽക്കമ്പികളും, ചൂടിക്കയറുമുപയോഗിച്ച് പന്തലൊരുക്കി. മുന്തിരി വളളികളും, കോവലും, പാഷൻ ഫ്രൂട്ടും പന്തലിലേക്കു പടർത്തിവിട്ടു. കൗതുകകരമായിരുന്നു പിന്നീടുള്ള കാഴ്ചകൾ.


  3 ആമ്പൽക്കുളം

 2010-ലാണ് ആദ്യമായി സ്കൂളിൽ ഒരു ആമ്പൽക്കുളം നിർമ്മിച്ചത്. രണ്ടുമീറ്റർ ചുറ്റളവിൽ 90-സെന്റീമീറ്റർ ആഴത്തിൽ കുഴിയെടുത്തു. കുഴിനിറയെ രണ്ടട്ടി കാലിയായ സിമന്റുചാക്കുകൾ വിരിച്ചു. അതിനുമുകളിൽ 90മൈക്രോൺ കനമുള്ള പ്ലാസ്റ്റിക് ഷീറ്റുവിരിച്ചു. പ്ലാസ്റ്റിക് എളുപ്പം കീറിപ്പോകാതിരിക്കാനായിരുന്നു അടിയിൽ സിമന്റുചാക്കുകൾ വിരിച്ചത്. അങ്ങിനെ കുഴി റഡി. അതിനു ശേഷം സ്കൂളിനു തൊട്ടുമുന്നിലെ വയലിൽ നിന്നു ചെളിയും, ഗീതയുടെ പശുവിന്റെ പച്ചച്ചാണക്കവും കുഴിയിലിട്ടു(രണ്ടടിയോളം). വയലറ്റാമ്പലിന്റെ വിത്തു നട്ടു. കുറെ പായലും, കുളവാഴയും, ബ്രഹ്മിയടക്കം 16-ഓളം ജലസസ്യങ്ങളും, നാട്ടുമീനുകളും, അലങ്കാര മത്സ്യങ്ങളും, നൊയ്ചുങ്ങകളും ഒക്കെ കുളത്തിലെത്തിച്ചു. ഒരു നീർക്കോലിപ്പാമ്പും ഏതാനും കൊക്കുകളും സന്ദർശകരായും എത്തും. ആവാസവ്യവസ്ഥ പഠിപ്പിക്കാൻ ഇതിലും നല്ല ഏതു ക്ലാസുമുറിയാണു നാമൊരുക്കുക?


  4 കദളീവനം

 പ്രസിദ്ധമായ ഞങ്ങളുടെ വാഴത്തോട്ടമാണു കദളീവനം. 2012-ലെ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വാർഡുമെമ്പർ ശ്രീ പി പി ഉണ്ണിക്കൃഷ്ണൻ 10 ടിഷ്യുകൾച്ചർ വാഴനട്ടുദ്ഘാടനം ചെയ്തു. തോട്ടം ഇപ്പോഴും നിലനിൽക്കുന്നു.


  5 തൂങ്ങിനിൽക്കുന്ന ഉദ്യാനം

 സ്ക്കൂളിന്റെ കഴുക്കോലിൽ ഉറികളിൽ തൂങ്ങിയാടുന്ന അമ്പതോളം ചെടികളാണ് 'തൂങ്ങിനിൽക്കുന്ന ഉദ്യാന'ത്തിലുള്ളത്. കഞ്ഞണ്ണി, തെഴുതാമ, ചൊറൂള, പർപ്പടം, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, തിരുതാളി, ആന്തൂറിയം, ഓർക്കിഡുകൾ തുടങ്ങിയവയൊക്കെ ഇങ്ങനെ തൂങ്ങിയാടുന്നു. ശ്രീമതി കെ ചന്ദ്രിയേച്ചി പ്ലാസ്റ്റിക് കയറിൽ തീർത്തുതന്ന ഉറികളിൽ റബ്ബർപ്പാലെടുക്കുന്ന 900മില്ലി പ്ലാസ്റ്റിക് ചിരട്ടകളാണ് ഉപയോഗിച്ചത്. വിദ്യാലയം ആകർഷകമാക്കുക എന്നതിനപ്പുറം സ്കൂളിൽ വളർത്തുന്ന ചെറുതേനീച്ചകൾക്കുള്ള ആഹാരകേന്ദ്രം കൂടിയാണിത്.



  6 ചെറുതേനീച്ചകൾ - ഔഷധത്തേനിന്റെ സ്രഷ്ടാക്കൾ

           2012-ലാണ് ചെറുതേനീച്ചകളെ ഞങ്ങൾ കണ്ടെത്തിത്തുടങ്ങിയത്. സ്കൂളിന്റെ പഴയ ചുമരുകളിൽ അവ കൂടുവച്ചു പാർക്കുന്നുണ്ടായിരുന്നു. പി റ്റി എ പ്രസിഡ്ന്റ് ശ്രീ കെ ആർ മനോഹരന്റെ നേതൃത്വത്തിൽ അവയെ വലിയ ചിരട്ടകളിലും, മുളങ്കുറ്റികളിലും ആവാഹിച്ച് പുതിയ കോളനികളുണ്ടാക്കി. ഇവയുടെ ആഹാരത്തിനായി തുളസിത്തോട്ടങ്ങളും, തൂങ്ങിനിൽക്കുന്ന ഉദ്യാനവും (ഹങ്ങിഗ് ഗാർഡൻ) ഒരുക്കി.

 7 താമരപ്പൊയ്ക

        ചെന്താമര വിരിഞ്ഞുലയുന്ന ഒരു താമരപ്പൊയ്ക - കുറേനാളായുള്ള ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. 2013 ജൂണിൽ സ്കൂൾ തുറക്കുമ്പോഴേക്കും അതു യഥാർത്ഥ്യമായി. ഓഫീസുമുറിക്കു മുന്നിലായി തിരമാല അടിച്ചുയരുന്ന രൂപത്തിൽ താമരപ്പൊയ്ക പണിതു. പഴശ്ശിപ്പുഴയിൽ നിന്നുശേഖരിച്ച മിനുസക്കല്ലുകൾ കൊണ്ട് മനോഹരമായൊരു പാറക്കെട്ടും, വെള്ളച്ചാട്ടവും നിർമ്മിച്ചു. പൊയ്കയിൽ വെള്ളം നിറച്ചു. വലിയ ടബ്ബിൽ പച്ചച്ചാണകവും, ചെളിയും നിറച്ച് താമരവിത്തും നിക്ഷേപിച്ച് കുളത്തിലിറക്കി. ഇതു പോലെ ഒരു മഞ്ഞയാമ്പലും, വയലറ്റമ്പലും കൂടി കുളത്തിലിറക്കി.
 

        രണ്ടു ദിവസം കൊണ്ടുതന്നെ പുതിയ ഇലകൾ ജലോപരിതലത്തിലെത്തി. വരും ദിവസങ്ങളിൽ ബ്രഹ്മി, കഞ്ഞണ്ണി, പോലുള്ള ഔഷധച്ചെടികളും കുളവാഴകളും, പായലുകളും ഒക്കെ പൊയ്കയിലെത്തി. കുറെ നാട്ടുമീനുകളെയും, അലങ്കാര മൽത്സ്യങ്ങളെയും, കുളത്തിലിട്ടു. ധാരാളം തവളകളും, പ്രാണികളും, രണ്ടു കൊക്കും ക്ഷണിക്കാതെയുമെത്തി. കുളത്തിനു ചുറ്റുമായി സീനി, ചെണ്ടുമല്ലി, വാടാമല്ലി, ഓണവാഴ, തുമ്പ, സൂര്യകാന്തി തുടങ്ങിയ ചെടികൾ പിടിപ്പിച്ചു. രണ്ടു മാസം കഴിയുമ്പോഴേക്കുമുണ്ടായ ചില കാഴ്ചകൾ നോക്കൂ.

 


 8 വ്യായാമം

 പ്രാഥമിക ദ്യാലയത്തെ സംബന്ധിച്ചെടുത്തോളം പരമപ്രധാനമാണ് കായീക വിദ്യാഭ്യാസം. അക്ഷരത്തെക്കാൾ പ്രധാനം ശരീരത്തിനും ആരോഗ്യത്തിനുമാണിപ്പോൾ. മനസ്സിനെക്കാൾ വേഗത്തിൽ ശരീരം വളരുന്ന കാലമാണിത്. ശരീരം ആരോഗ്യത്തോടെ വളരണമെങ്കിൽ മിതമായും, ക്രമമായും, ചിട്ടയോടെ വ്യായാമം ചെയ്യണം. നമ്മുടെ വിദ്യാലയത്തിൽ ആഴ്ചയിൽ മൂന്നു ദിവസം അസംബ്ലിയിൽ നിർബന്ധമായും 'മാസ്ഡ്രിൽ' ചെയ്യണം. അസുഖമോ പ്രയാസമോ ഉള്ളവർ ക്ലാസ് റ്റീച്ചറിൽ നിന്നും പ്രത്യേക അനുവാദം മുൻകൂർ നേടിയിരിക്കണം. മാസത്തിൽ ഒന്നോ രണ്ടോ ദിവസം പ്രത്യേക പരിശീലനമുണ്ടാകും. കായിക മേളകളിലും മറ്റും പങ്കെടുക്കാൻ പരമാവധി അവസരങ്ങൾ നൽകും.

  9 തേനീച്ച വളർത്തൽ

 2010-ലാണ് ഞങ്ങൾ തേനീച്ചകൃഷി ആരംഭിച്ചത്. തേനീച്ചകൃഷിയിൽ വിദഗ്ധനായ ഞങ്ങളുടെ പി റ്റി എ പ്രസിഡ്ന്റ് ശ്രീ കെ ആർ മനോഹരനായിരുന്നു എല്ലാ ഉത്തരവാദിത്തവും. ഇപ്പോൾ രണ്ടു പെട്ടി ഈച്ചകളുണ്ട്. ഇതിൽനിന്നും ഈ വർഷം 16 കുപ്പി തേൻ കിട്ടി. ലഭിച്ച തേനെല്ലാം കുട്ടികൾക്കു തന്നെ വിതരണം ചെയ്യും. രണ്ടു വർഷമായി 'തേൻനെല്ലിക്ക'യുണ്ടാക്കുന്നു. തേനീച്ചകളുടെ അദ്ധ്വാനശീലവും, ജീവിത രീതിയും, ഒരുമയും, സംഘബോധവും ഒക്കെ കുട്ടികൾ അറിയേണ്ടതാണ്. തേനിന്റെ അനന്തമായ മഹിമയും ഗുണവും അവരറിയണം. അതിസൂക്ഷ്മമായി പരിചരിച്ചില്ലെങ്കിൽ വലിയ അപകടവുമുണ്ട്. കുട്ടികളിലെ സൂക്ഷ്മതയും, വൈദഗ്ധ്യവും വികസിപ്പിക്കുവനും ഈ സംരംഭം ഏറെ പ്രയോജനപ്പെടും.
.

  10 ശലഭോദ്യാനം

  വർഷത്തിലേതു ദിവസവും പൂക്കളൊഴിയാതൊരു പൂന്തോട്ടം ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്. കഴിഞ്ഞവർഷം കൂടുതൽ പൂമ്പാറ്റകളെ ആകർഷിക്കുന്ന തരത്തിൽ വൈവിദ്ധ്യമാർന്ന ചെടികൾ നട്ട് പൂന്തോട്ടം വിപുലമാക്കി. തേനുണ്ണനെത്തിയ വിവിധ തരം പൂമ്പറ്റകളുടെ എണ്ണം ഞങ്ങളെ അദ്ഭുതപ്പെടുത്തി.

        ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ 'അറ്റ് ലസ് മോത്തും' ഞങ്ങളുടെ തോട്ടത്തിലെത്തി. അതിന്റെ ഒരു ചിറകിന് 11 സെന്റീ മീറ്റർ നീളമുണ്ടായിരുന്നു. 7 സെന്റീ മീറ്റർ വീതിയും. അതായത് 22 സെന്റീ മീറ്റർ നീളവും, 7 സെന്റീ മീറ്റർ വീതിയുമുള്ള ശലഭം !!!!!!!!!
 ഞങ്ങൾ പൂമ്പാറ്റകളെ നിരീക്ഷിച്ചു. ഫോട്ടോകളെടുത്ത് കമ്പ്യൂട്ടറിൽ സൂക്ഷിച്ചു. പുസ്തകങ്ങളിൽ നിന്നും, നെറ്റിൽ നിന്നും ഓരോന്നിന്റെയും പേരുകൾ കണ്ടെത്തി.
 





 
 





 



 



 
 








 












 ഓരോ തരം ശലഭവും ഓരോ തരം ചെടിയിലാണ് മുട്ടയിടുക. അത്തരം നിരവധി ചെടികളെയും ഞങ്ങൾ പരിപാലിച്ചു പോരുന്നു.


 






   







 



 


 









 ശലഭങ്ങൾ ഇലയിൽ മുട്ടയിട്ടതും, മുട്ട വിരിഞ്ഞു ലാർവയായതും, പുഴു വളരുന്നതും ഞങ്ങൾ നിരീക്ഷിച്ചു.
 




 




 




 


 പുഴുക്കൾ പ്യൂപ്പകളായി സമാധിയിൽ പ്രവേശിച്ചു.


 പ്യൂപ്പകളെ പ്ലാസ്റ്റിക് പാത്രത്തിൽ ശേഖരിച്ച് നിരീക്ഷിച്ചു. അവ വീണ്ടും പൂമ്പാറ്റ്ക്കുഞ്ഞുങ്ങളായി ഞങ്ങളുടെ കൈകളിൽ പുനർജ്ജനിച്ചു.

  



 നിറയട്ടെ പ്രപഞ്ചം നിറയെ ഈ പറക്കുന്ന പൂക്കൾ
 


No comments:

Post a Comment