പൈതൃകത്തിന്റെ തങ്കനൂൽ

  രാമർഗുരു-മലപ്പട്ടത്തിന്റെ മഹാഗുരു

                     മലപ്പട്ടത്തിന്റെ ആധുനീക വിദ്യാഭ്യാസചരിത്രം രാമർഗുരുവിൽ തുടങ്ങുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളോ,ഫോട്ടോകളോ ലഭ്യമല്ല. കൃത്യമായ ജനനസമയമോ, സ്ഥലമോ, മരണത്തിയ്യതിയോ നമുക്കറിയില്ല. ജീവിത രീതികളെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ ആധികാരീകമായി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രതിഭാധനരായ ശിഷ്യന്മാർ പാടിപ്പുകഴ്ത്തിയ നിരവധി ശ്ലോകങ്ങളും, പാട്ടുകളും ഇന്നും പ്രചാരത്തിലുണ്ട്. അവയിൽനിന്നു മാത്രമേ രാമർഗുരുവിനെ നമുക്ക് വായിച്ചെടുക്കാനാകൂ.
                     ശേഖരഗുരുവിന്റെ അനുജൻ   കുഞ്ഞാൻകുട്ടിയുടെയും, പെരുമന പാർവതിയുടെയും അഞ്ചുമക്കളിൽ മൂത്തവനായിരുന്നു 'രമർഗുരു' എന്നറിയപ്പെട്ടിരുന്ന വലിയ രാമർഗുരു.  രാമർഗുരുവിന്റെ തറവാട്ടുപേർ 'തച്ചിലാടൻ' എന്നായിരുന്നു. 'നടുവിലെക്കണ്ടി'പ്പറമ്പിലായിരുന്നു ഗുരുവും കുടുംബവും താമസിച്ചിരുന്നത്. പിൽക്കാലത്ത് 'നടുവിലെക്കണ്ടി' തറവാട്ടുപേരെന്നപോലെ ഗുരുവും പിന്മുറക്കാരും അറിയപ്പെട്ടു.
 (ചൂളിയാട് എ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ രാജനും കുട്ടികളും ചരിത്രമുറങ്ങുന്ന തറവാട്ടുമുറ്റത്ത്)
                 ശേഖരഗുരു ഉപയോഗിച്ച മെതിയടിയും കട്ടിലും പൂജാവസ്തുക്കളായി രാമർഗുരു സൂക്ഷിച്ചു എന്നും ഇളമുറക്കാർ മന്ത്രങ്ങൾ ദുരുപയോഗം ചെയ്തതോടെ മഹാഗ്രന്ഥങ്ങൾ നിധിപോലെ ആചര്യന്റെ കട്ടിലിനടിയിൽ കുഴിച്ചിട്ടെന്നും പൗത്രൻ പദ്മനാഭൻ ഗുരുക്കൾ സാക്ഷ്യപ്പെടുത്തുന്നു. കട്ടിലും, മെതിയടിയും, ഗ്രന്ഥം കുഴിച്ചിട്ട തറയും, നിലവിളക്കുകളും, മറ്റു നിരവധി പൂജാസാമഗ്രീകളും ഇന്നും നടുവിലെക്കണ്ടി തറവാട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
സംസ്കൃതം, പുരാണം, വൈദ്യം, ജ്യോതിഷം, മന്ത്രതന്ത്രങ്ങൾ എന്നിവയിലൊക്കെ പണ്ഡിതൻ, വിഷുഫലം ഗണിക്കലിലും, കളമ്പാട്ടിലും കേമൻ, ആചാരപ്രകാരം നാട്ടെഴുത്തച്ചൻ-എല്ലാമായിരുന്നു രാമർഗുരു.
         കേരളത്തിന്റെ ആദിമ ചരിത്രം ബ്രഹ്മസ്വത്തിനും ദേവസ്വത്തിനും അധീനമായിരുന്നു. മലപ്പട്ടം ഭഗവതീക്ഷേത്രത്തിനും. പരിപ്പങ്കടവു സമ്പ്രദായത്തിനും കീഴിലായിരുന്നു സ്വത്തെല്ലാം. തുടർന്ന് വ്യവസ്ഥിതി പതുക്കെ ജന്മിത്തത്തിലേക്കു വഴുതി.കൂനം നമ്പിടിയും, കരക്കാട്ടിടം നായനാരും, കല്ല്യാട്ടെശമാനനും ഒക്കെ ക്ഷേത്രഭരണത്തിലും, ഭൂസ്വത്തിലും കൈയിടാൻ തുടങ്ങിയ കാലം. വിളവെടുപ്പിനു ശേഷം വിളവ് ക്ഷേത്രമുറ്റത്ത് ദേവനുകാഴ്ചവച്ച് നമസ്കരിക്കുന്നതിനു പകരം, വാരമായും പാട്ടമായും മറ്റു നിരവധി പേരുകളിലായും ജന്മിയും കാര്യസ്ഥനും അടിയാളരെ കൊള്ളയടിക്കുന്ന കാലം. ദൈവദാസർ പാട്ടക്കാരും കുടിയാന്മരുമായി. അവർ പകലന്തിയോളം പണിയെടുക്കണം. കുലത്തൊഴിൽ മാത്രം ചെയ്യണം. പട്ടിണിയും അടിമത്തവും മാത്രം മിച്ചം ലഭിക്കും. മഹഗുരുവിനെപ്പോലൊരു മനുഷ്യസ്നേഹിക്കു താങ്ങാവുന്നതിനുമപ്പുറമായിരുന്നു അന്നത്തെ സാമൂഹ്യ നീതി
             അടിയാളന്റെ മോചനത്തിനു മഹാഗുരു ഉരുക്കഴിച്ച ദിവ്യമന്ത്രമായിരുന്നു 'അക്ഷരങ്ങൾ'. പകലന്തിയോളം പണിയെടുത്ത് അന്തിയുറങ്ങാൻ കൂരയിലെത്തുന്ന അടിയാളനെ, അദ്ദേഹം തന്റെ നടുവിലെക്കണ്ടി തറവാട്ടുമുറ്റത്തേക്ക് 'രാഗെഴുത്തി'നു ക്ഷണിച്ചു. അടിയാളനു പഠിക്കാനുള്ള ഏക സമയം അതുമാത്രമായിരുന്നു. നെയ്ത്തിരിയുടെ നുറുങ്ങുവെട്ടത്തിൽ തൊണ്ടും മണലും, ഓലയും എഴുത്താണിയും ഞെരിഞ്ഞുരഞ്ഞു. നാളേറെ വേണ്ടിവന്നില്ല വിജ്ഞാന വെളിച്ചം നാടാകെ പടരാൻ. സമീപ ഗ്രാമങ്ങളായ ചൂളിയാട്, ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ, മയ്യിൽ, കൊയ്യം, കണ്ടക്കൈ, തവറൂൽ, ചെങ്ങളായി എന്നിവിടങ്ങളിൽ നിന്നെല്ലാം രാത്രികാലങ്ങളിൽ നീളുന്ന ഓലച്ചൂട്ടുകൾ നടുവിലെക്കണ്ടിത്തറവാട്ടിലേക്കായി. സംസ്കൃതം, കാവ്യം, രൂപം, അമരം, കോശം, മണിപ്രവാളം, ശീലാവതി, പച്ചപ്പാട്ട്.....വിജ്ഞാനത്തിന്റെ അമൃതുധാര നാട്ടിൽ നിറഞ്ഞൊഴുകി. മൃഗങ്ങളെപ്പോലെ ചേറിൽ പണിയെടുക്കുന്നവന്റെ ഹൃദയത്തിൽ സംഗീതവും സർഗാത്മകതയും നിറഞ്ഞു. പുതിയൊരു താളവും വ്യത്യസ്തമായൊരു ജീവിത ബോധവും അവനുണ്ടായി.
         വിദ്യയുടെ മാധുര്യമറിഞ്ഞ ശിഷ്യർ തങ്ങളുടെ മക്കളെയെങ്കിലും പകൽസമയത്ത് ഗുരുവിന്റടുത്തുനിന്ന് വിദ്യ അഭ്യസിപ്പിക്കാനാഗ്രഹിച്ചു. അടുത്ത വിജയദശമി നാളിലെങ്കിലും മക്കളെ ഗുരുനാഥനെക്കൊണ്ട് ഹരിശ്രീ കുറിപ്പിക്കുവാൻ അവർ തീരുമാനിച്ചു. അങ്ങനെ മലപ്പട്ടത്തിന്റെ ചരിത്രത്തിലാദ്യമായി, ഇരിക്കൂർ പുഴയോരത്ത്, മലപ്പട്ടം ഭഗവതീ ക്ഷേത്രത്തിനടുത്ത് വൈദ്യരപ്പയുടെ മകൻ നല്ലാഞ്ഞി നാരായണൻ താമസിക്കുന്ന സ്ഥലത്തിനടുത്ത് "എഴുത്തള്ളിപ്പറമ്പി"ൽ ഒരു പാഠശാല ഉയർന്നു. കവുങ്ങിൻ വാരിയും, ഓലയും കൊണ്ടുണ്ടാക്കിയ പാഠശാല നിർമ്മിച്ചത് നാട്ടുകാരായ ശിഷ്യന്മാരായിരുന്നു. 'എഴുത്തുപള്ളി ഉണ്ടായിരുന്ന സ്ഥലം' എന്നർത്ഥത്തിലാകാം ഈ പറമ്പ് എഴുത്തള്ളിപ്പറമ്പ് എന്നറിയപ്പെടുന്നത്. കുട്ടികളുടെ ആവശ്യത്തിനുണ്ടാക്കിയതെന്നു കരുതപ്പെടുന്ന ഒരു പഴയ കിണറും അവിടെയുണ്ട് - പടവുകളില്ലതെ വെട്ടുകല്ലിൽ കെട്ടിയുയർത്തിയ കിണർ. ഏതാനും വർഷം പഠശാല അവിടെ തുടർന്നെങ്കിലും മഴക്കാലത്തെ വെള്ളപ്പൊക്കം അദ്ധ്യയനം ഏറെ ദുഷ്കരമാക്കി. ഗുരുനാഥൻ പറ്റിയ സ്ഥലം അന്വേഷിച്ചുകൊണ്ടേയിരുന്നു

 (പദ്മനാഭൻ ഗുരുക്കളും നല്ലാഞ്ഞി നാരായണനും എഴുത്തള്ളിപ്പറമ്പിലെ കിണറിനു സമീപം)

1886ൽ പൂക്കണ്ടം വയലിന്റെ കരയിൽ ചാലിയച്ചെട്ടിയാരോട് പണം കൊടുത്തു വങ്ങിയ 'ചെട്ടിയാൻ വളപ്പിൽ' മൺകട്ടയും, വാരിയും ഓലയും കൊണ്ടുള്ള പുതിയ പാഠശാല ഉയർന്നു. നിർമാണപ്രവർത്തനങ്ങൾ മുഴുവൻ നാട്ടുകാരുടെ വകയായിരുന്നു. ചിറക്കൽ താലൂക്കിൽ മലപ്പട്ടം അംശത്തിലെ ഈ വിദ്യാലയത്തിനു 1887ൽ വടകര ഡപ്യൂട്ടി ഇൻസ്പെക്ടർ അംഗീകാരം നൽകി. ഇത് ചിറക്കൽ താലൂക്കിൽ ബ്രിട്ടീഷ് സർക്കാർ അനുവദിച്ച 24 വിദ്യാലയങ്ങളിലൊന്നായിരുന്നു. "ആർ ജി എം യു പി സ്കൂൾ മലപ്പട്ടം" എന്ന പേരിൽ ഇന്നു പ്രസിദ്ധമായ ഈ സ്ഥാപനം 1958ലാണു യു പി സ്കൂളായി ഉയർത്തിയത്. മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ഏക യു പി സ്കൂളാണിത്.
  ചേടിച്ചേരി, കുട്ടാവ്, കുളിഞ്ഞ ഭാഗത്തെ കുട്ടികൾക്കു വേണ്ടിയാണു ചേടിച്ചേരിയിൽ പാഠശാല തുടങ്ങിയത്.1903ലായിരുന്നു ഇത്. ചേടിച്ചേരി വെള്ളുവ വയലിൻ കരയിലെ ഈ പാഠശാല 1920ൽ കാട്ടുതീയിൽപ്പെട്ടു കത്തിപ്പോവുകയും, തീയിൽ നിന്നു രക്ഷപ്പെടാൻ മേശയ്ക്കടിയിൽ അഭയം പ്രാപിച്ച കുട്ടാവിലെ രാമൻ നമ്പ്യാരുടെ മകൾ പയ്യൻ വീട്ടിൽ നാരായണി ദാരുണമായി വെന്തുമരിച്ച സംഭവം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കുറെക്കാലം വെള്ളുവ വയലിനു വടക്കെക്കരയിലുള്ള, ഇപ്പോൾ വി സി കുഞ്ഞിക്കണ്ണൻ താമസിക്കുന്ന പറമ്പിൽ സ്കൂൾ പ്രവർത്തിച്ചു. സൗകര്യപ്രദമായ സ്ഥലം കിട്ടിയപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി. ഇന്ന് ഇരിക്കൂർ ഉപജില്ലയിൽ അറിയപ്പെടുന്ന "ചേടിച്ചേരി എ എൽ പി സ്കൂളാ"ണിത്.
            1915ൽ, ഇപ്പോൾ കടാങ്കോട്ടു നാണിയും മക്കളും താമസിക്കുന്ന പറമ്പിലായിരുന്നു ഗുരുനാഥൻ ചൂളിയാടു നിവാസികൾക്കു വേണ്ടിയുള്ള പാഠശാല തുടങ്ങിയത്. കട്ടച്ചുമരും, ചോർച്ച നിൽക്കാത്ത ഓല മേഞ്ഞ മേൽക്കൂരയും മഴക്കാലത്തെ അദ്ധ്യയനം ദുഷ്കരമാക്കി. ഒരു പെരുമഴയത്ത് സ്കൂൾ നിലമ്പൊത്തി. പിന്നീട് ഏറെക്കാലം സ്കൂൾ പ്രവർത്തിച്ചത് മുല്ലേരിക്കുന്നത്തായിരുന്നു. എടപ്പ പ്രഭാകരൻ പുതുതായി വീടുവച്ച സ്ഥലത്തയിരുന്നുവത്രെ ആ പാഠശാല. പിന്നീടാണു 'പുത്തൻപുരപ്പറമ്പ്' എന്നറിയപ്പെടുന്ന ഇപ്പോഴൂള്ള സ്ഥലത്ത് വിദ്യാലയമെത്തിയത്. ഓലമേഞ്ഞ ഈകെട്ടിടവും സംരക്ഷിക്കാൻ മുരിക്കുമുറിച്ചു തൂണുകൂട്ടിയും, കവുങ്ങിൻ വാരി തുടച്ചു കെട്ടിയും, ശ്രീ കളമുള്ള വളപ്പിൽ ഒതേനൻ, ചമ്പോച്ചേരി ഒതേനൻ,ചക്കരയൻ കണ്ണൻ തുടങ്ങിയവർ ചെയ്ത സേവനങ്ങൾ മറക്കാവതല്ല.  1925ൽ ദാറുഗുരുക്കൾ എന്ന പേരിലറിയപ്പെട്ട 'ചെറിയ രാമർഗുരുവിന്റെ' കാലത്തണു "ചൂളിയാട് എ എൽ പി സ്കൂൾ" എന്ന പേരിൽ ഔപചാരീകമായി വിദ്യാലയം ഈ അംഗീകരിക്കപ്പെട്ടത്
(എൻ കെ കുമാരൻ മാസ്റ്റർ സ്മാരക മണ്ഡപത്തിന്റെ ഉദ്ഘാടന വേദി (10.08.2014)
 കാലപ്രവാഹത്തിൽ മഹാഗുരുവും വീണു. ശിഷ്യരെഴുതിയ ചരമക്കുറിപ്പിൽ നിന്നും തന്റെ 64-)മത്തെ വയസ്സിൽ 1098 ധനുമാസം 18ന് തിരുവാതിര നക്ഷത്രത്തിലായിരുന്നു (1923ജനുവരി 2ചൊവ്വാഴ്ച) ആ ദുർദ്ദിനം. ഗുരുനാഥൻ തന്നെ മുൻകൂട്ടി പ്രവചിച്ചിരുന്ന മരണമുഹൂർത്തത്തിനു സാക്ഷിയാകാൻ ശിഷ്യരും നാട്ടാരും ഒഴുകിയെത്തി. അവർ മുഴക്കിയ 'ഹരി ഗോവിന്ദാരവ'ത്തിന്റെ ഉച്ഛസ്ഥായിയിൽ മലപ്പട്ടത്തിന്റെ ആ മഹാഗുരു കാലയവനികയിലേക്ക് അന്തർദ്ധാനം ചെയ്തു. അന്തരിച്ചിട്ട് ഒരു നൂറ്റാണ്ടോടടുത്തിട്ടും ആ ചരമദിനം നാട്ടുകാരും ശിഷ്യപരമ്പരകളും ഇന്നും സാഘോഷം കൊണ്ടാടുന്നു. ഗുരുനാഥൻ വിത്തിറക്കാൻ പാകപ്പെടുത്തിയ മലപ്പട്ടത്തിന്റെ മണ്ണിൽ ഇന്നു നൂറുമേനി വിളയുന്നു. സംസ്ഥനത്തെ ഏറ്റവും മികച്ച സാക്ഷരതയുള്ള പഞ്ചായത്തുകളിലൊന്നാണിത് .... ഏറ്റവും കൂടുതൽ സർക്കാരുദ്യോഗസ്ഥരുള്ള പഞ്ചായത്തുകളിലൊന്നും
സന്നിധാനത്തിനു മുകളിൽ പാമ്പിനെ കാണാം

  ആദി ഗുരുവിനു പ്രണാമം.....  സ്രാഷ്ടാംഗ പ്രണാമം


ധീരനായ കുമാരൻ മാസ്റ്റർ

       കൊല്ലവർഷം 1024 മീനമാസം രണ്ടാം തിയ്യതി (1919 മാർച്ച് 15) ചതയം നക്ഷത്രത്തിലായിരുന്നു കുമാരന്റെ ജനനം. മലപ്പട്ടത്തിന്റെ മഹാഗുരു വലിയരാമർ ഗുരുവിന്റെ മൂത്തമകൻ ദാറുഗുരുക്കൾ എന്നറിയപ്പെട്ടിരുന്ന ചെറിയ രാമർഗുരുവിന്റെയും ദേവകിയുടെയും നാലാമത്തെ മകൻ. അച്ഛനിൽ നിന്നും, മുത്തച്ഛാനിൽ നിന്നും പരമ്പരാഗതരീതിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പരിപ്പൻകടവു സമ്പ്രദായം, മലപ്പട്ടം ഭഗവതീക്ഷേത്രം തുടങ്ങിയ ദേവസ്ഥാനങ്ങളിലും, മലപ്പട്ടത്തെ കൃഷിയിടങ്ങളിലും കളിച്ചു വളർന്ന ബാല്യം. ഉയർന്ന നെറ്റിത്തടവും, വലിയ നാസികയും, തിളങ്ങുന്ന നാസികയുമ്മൊക്കെ ചെറുപ്പത്തിൽത്തന്നെ കൂട്ടുകാരിൽനിന്നും കുമാരനെ വ്യത്യസ്തനാക്കി. കാര്യങ്ങൾ വിശകലനം ചെയ്ത് സുദൃഢങ്ങളായ തീരുമാനങ്ങളെടുക്കാനും, പ്രതിസന്ധികളെ സധൈര്യം മറികടക്കാനും കുമാരനു പ്രത്യേക കഴിവുണ്ടായിരുന്നു. തനിക്കുബോധ്യപ്പെടുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കുകയും, ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുമായിരുന്നു കുമാരൻ.ചെയ്യാനുറച്ച കാര്യങ്ങളിൽ നിന്നും  അപകടങ്ങൾ ഒരിക്കലും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.
 കുമാരൻ മാഷ് - സകുടുംബം
          അച്ഛന്റെയും, ഇളയച്ഛന്മാരുടെയും, സഹോദരന്മാരുടെയും കൂടെ കളമ്പാട്ടിനു പോകുമായിരുന്നു. സംസ്ക്രതവും, പുരാണവും ഇഷ്ടമായിരുന്നെങ്കിലും ജ്യോതിഷത്തിലും വിഷവൈദ്യത്തിലും ഒട്ടും താത്പര്യം കാട്ടിയില്ല. ഇ എസ് എസ് എൽ സി യും കണ്ണൂർ മെൻ ടി ടി ഐ ൽ നിന്നു ടി ടി സി യും കരസ്ഥമാക്കി. പിതമഹൻ സ്ഥാപിച്ച ചൂളിയാട് എ എൽ പി സ്കൂളിൽത്തന്നെ അദ്ധ്യാപനം തൊഴിലായി സ്വീകരിച്ചു
              കൂനം നമ്പിടിയുടെയും, കല്ല്യാട്ടെശമാനന്റെയും, കരക്കാട്ടിടം നായനാരുടെയും കാര്യസ്ഥന്മാർ നാടുവാഴുന്ന കാലം. വാരം, പാട്ടം, നുരി,......അടിയാനെപ്പിഴിയാൻ എന്തെല്ലാം തരത്തിൽ ഏതെല്ലാം രൂപത്തിൽ ചൂഷണമാർഗങ്ങൾ! ഉടുതുണിക്കു മറുതുണിയില്ലാത്ത സാധാരണ ജനം. കുടിയാന്റെ ജോലിക്കും, പെണ്ണിന്റെ മാനത്തിനും അധികാരി നവില കല്പിച്ചിരുന്ന കാലം. അനീതി പൊറുക്കാൻ കഴിയാതിരുന്ന കുമാരൻമാഷ് കമ്മ്യൂണിസ്റ്റായത് അങ്ങനെയായിരുന്നു. അദ്ധ്യാപനത്തിനു ശേഷം മലപ്പട്ടം പ്രദേശത്തെ കർഷകരെയും, കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി. അവർക്ക് സ്റ്റഡിക്ലാസുകൾ എടുത്തു.
             1945 സപ്തമ്പർ 15ലെ 'മൊറാഴ സംഭവ'ത്തോടെ മലപ്പട്ടം ഇളകിമറിഞ്ഞു. അറാക്കൽ, കാന്തലോട്ടു കുഞ്ഞമ്പു, കേരളീയൻ, വിഷ്ണു ഭാരതീയൻ, സർദാർ ചന്ദ്രോത്ത്, കെ പി ആർ ഗോപാലൻ തുടങ്ങിയ നേതാക്കളൊക്കെ മലപ്പട്ടത്തെ കാടുകളിലും, തട്ടിൻപുറങ്ങളിലും ഒളിവിനായെത്തി. മൂന്നു ഭാഗവും പുഴകളാൽ വേർപെടുത്തപ്പെട്ട്, കുന്നും കാടും നിറഞ്ഞ, ജനസംഖ്യ നന്നേ കുറവുള്ള മലപ്പട്ടത്തെക്കാൾ സുരക്ഷിതമായ ഒളിത്താവളം വേറെ അധികമുണ്ടാകില്ല. തങ്ങളുടെ ദുരിതമവസാനിപ്പിക്കാൻ സർവതും ത്യജിച്ചിറങ്ങിയ ധീരസഖാക്കളെ നാട്ടുകാർ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു. കുമാരന്മാഷും, എ കുഞ്ഞിക്കണ്ണനും, പുളുക്കൂൽ കൃഷ്ണനുമൊക്കെ ഉലയിലൂതിയ സ്വർണ്ണം പോലെ തിളങ്ങുന്ന കമ്മ്യൂണിസ്റ്റുകളായി. പി വി കുഞ്ഞമ്പു നായർ, പി വി കുണ്ടൻ നായർ, കെ വി ചാത്തുക്കുട്ടി നായർ, കെ കെ രാമർ, ചക്കരയൻ കണ്ണൻ, കുന്നമ്പ്രത്ത് അമ്പു, കൂവ കുഞ്ഞമ്പു, കെ പി കുഞ്ഞമ്പു, ഒ കോരൻ, ചീത്ത കണ്ണൻ തുടങ്ങിയവരൊക്കെ ചുവന്ന പാതയിലേക്ക് എടുത്തുചാടി.
                  രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിലുണ്ടായ ദാരിദ്ര്യവും, ക്ഷാമവും മലപ്പട്ടത്തും ചുടലതാണ്ഡവമാടി. അധിക വിലയ്ക്കുവേണ്ടി നെല്ലും മറ്റു സാധനങ്ങളും ജന്മിമാർ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കി. പട്ടിണി കിടക്കുന്ന പാവപ്പെട്ടവനു വേണ്ടി പാർട്ടി നെല്ലെടുപ്പു സമര'ത്തിനാഹ്വാനം ചെയ്തപ്പോൾ കുമാരൻ മാഷ് രണ്ടാമതൊന്നാലോചിച്ചില്ല. 1946 ഒക്ടോബർ 19ന്, കുപ്പം, കാനം മേഖലകളിൽ നിന്നും കാര്യസ്ഥനായ ഇല്ലിക്കൽ അബൂബക്കർ വാരമായി പിരിച്ചെടുത്ത നെല്ല് ' ചാലക്കടവിൽ'(ഇപ്പോൾ എൻ കെ രവീന്ദ്രൻ താമസിക്കുന്ന വീടിനടുത്തുള്ള കടവ്) തോണിയിൽ കയറ്റി വിൽക്കാൻ കൊണ്ടുപോകുന്നത് 'ആലോട്ടിൻവയലിൽ' വച്ച് കുമാരൻ മാഷ്, പുളുക്കൂൽ കൃഷ്ണൻ, പി വി കുഞ്ഞമ്പു നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് പാവങ്ങൾക്കു വിതരണം ചെയ്തു. ജന്മിയുടെ നെല്ല് കൊള്ളയടിച്ചെന്നും, കാര്യസ്ഥനെ കൊല്ലാൻ ശ്രമിച്ചെന്നും കേസ്. പ്രതികളെ കണ്ടിടത്തു വെടിവെക്കാൻ ഉത്തരവ്. മലപ്പട്ടത്ത് എം എസ് പി ക്കാർ നരനായാട്ടു തുടങ്ങി. കുമാരന്മാഷും കൂട്ടരും ഒളിവിൽപ്പോയി. ജന്മിയുടെ ഗുണ്ടകളും എം എസ് പി യും നാട്ടിൽ അഴിഞ്ഞാടി. വീടുകളിലെ സാധനങ്ങളെല്ലാം അടിച്ചുതകർത്തു. തകർക്കാനാകാത്ത അമ്മിക്കല്ല്, ഉരൽ, ഉലക്ക, ഓട്ടുപാത്രങ്ങൾ, ചെമ്പുപാത്രങ്ങൾ മുതലായവ കിണറ്റിലെറിഞ്ഞു. പിന്നീട് കുടുംബാംഗങ്ങളെ മർദ്ദിക്കാൻ തുടങ്ങി. ഒളിവിൽപ്പോയ കുമാരന്മാഷെ സ്വന്തം ഹൃദയമായി നാട്ടുകാർ കാത്തു. മൂത്ത സഹോദരന്മാരായ, കുഞ്ഞാർമാഷെന്നറിയപ്പെട്ടിരുന്ന എൻ കെ കുഞ്ഞിരാമർ മാഷെയും, എൻ കെ കുഞ്ഞികൃഷ്ണൻ മഷെയും കൊല്ലാക്കൊല ചെയ്തതോടെ കുമാരന്മാഷുടെ മനസ്സുകലങ്ങി. കോടതിയിൽ കീഴടങ്ങാൻ പാർട്ടി തീരുമാനമുണ്ടായി. ഒറ്റ രാത്രിയിൽ ഇരിക്കൂർപ്പുഴയും, അഞ്ചരക്കണ്ടിപ്പുഴയും നീന്തിക്കടന്ന് തലശ്ശേരിക്കോടതിയിൽ ഹാജരായി. അവിടെയും മാഷ് ധീരത തെളിയിച്ചു.
മൂത്ത സഹോദരൻ എൻ കെ കുഞ്ഞിരാമർ മസ്റ്റർ
                    തുടർന്ന് ദീർഘകാലം കണ്ണൂർ സെന്റർജയിലിൽ. പാവങ്ങളുടെ പടത്തലവൻ മഹാനായ എ കെ ജി യുമുണ്ടായിരുന്നു കൂടെ. അനീതിക്കെതിരെ ജയിലിലും മാഷ് നിരാഹാരം കിടന്നു. ധീരനായ സഖാവിനെക്കുറിച്ച് എ കെ ജിയുടെ ആത്മകഥയിലും, എ കെ പൊതുവാളെഴുതിയ എ കെ പൊതുവാളെഴുതിയ എ കെ ജി യുടെ ജീവചരിത്രത്തിലും പരാമർശങ്ങളുണ്ട്. എ കെ ജി യുടെ മരണം വരെ ആ ബന്ധം തുടർന്നു.
ചുറുമകൻ അഖിൽ സൂക്ഷിക്കുന്ന കത്ത്

                  ജയിൽ മോചിതനായി അഭിമാനിയായി നാട്ടിലെത്തുമ്പോഴേക്കും മാഷിന് പലതും നഷ്ടപ്പെട്ടിരുന്നു. തന്റെ യോഗ്യതാ സർടിഫിക്കറ്റുകളും, സർവീസ് ബുക്കും, സ്ക്കൂൾ സംബന്ധമായ നിരവധി രേഖകളും ചുട്ടെരിക്കപ്പെട്ടിരുന്നു. 1957ൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മുൻകാലപ്രാബല്യത്തോടെ രേഖകൾ അംഗീകരിച്ചു.
                പിതാവായ ചെറിയരാമർഗുരു ചൂളിയാട് എ എൽ പി സ്കൂളിന്റെ നോക്കിനടത്തിപ്പ് അനുജൻ ഗോവിന്ദൻ ഗുരുക്കളെയായിരുന്നു ഏല്പിച്ചത്. അദ്ദേഹത്തിന്റെ നോട്ടപ്പിശക്, സ്കൂൾ ചേടിച്ചേരി കേപ്പൂട്ടിനായനാർക്ക് പണയപ്പെടാനിടയാക്കി. ശ്രീ കുമാരൻമാസ്റ്റർ ദീർഘകാലം നടത്തിയ വ്യവഹാരത്തിനൊടുവിൽ വിദ്യാലയം തിരികെ ലഭിക്കുകയും, കെ ഇ ആർ നിലവിൽവന്ന ശേഷമുള്ള പ്രഥമമാനേജരാകുകയും ചെയ്തു. കുന്നിരിക്ക കുഞ്ഞുംവാരച്ചം കണ്ടി ദാറുഗുരുക്കളുടെയും, ദേവകിയുടെയും രണ്ടാമത്തെ മകൾ കെ കെ കല്യാണിയായിരുന്നു സഹധർമ്മിണി. കുറുമാത്തൂർ സൗത്ത് എ യു പി സ്കൂളിൽ നിന്നു വിരമിച്ച ശ്രീമതി എൻ കെ ഉഷാഭായിയും, ചൂളിയാട് എ എൽ പി സ്കൂളിൽ നിന്നു വിരമിച്ച ശ്രീ എൻ കെ സദാനന്ദനും, സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കെ കെ സുധാകരനുമാണ് മക്കൾ.
                 ഒന്നു തിരിഞ്ഞു നോക്കുമ്പോൾ ഒരു കൊച്ചുകുടുംബത്തിൽ തളച്ചിടാവുന്നതയിരുന്നില്ല എൻ കെ കുമാരനെന്ന വലിയ വിപ്ലവകാരി. അജ്ഞതയകറ്റാൻ 'രാഗെഴുത്തി'ന്റെ നെയ്ത്തിരിവെട്ടത്തിൽ രാമർഗുരു അടിയാളനു നൽകിയ ആയുധം അക്ഷരങ്ങളയിരുന്നു. എന്നാൽ പുതുയുഗത്തിന്റെ ചൂഷണമവസാനിപ്പിക്കാൻ അക്ഷരങ്ങൾ മാത്രംപോര ആശയങ്ങൾ കൂടി വേണമെന്ന് കുമാരൻ മാഷ് തിരിച്ചറിഞ്ഞിരുന്നു. വിദ്യാലയങ്ങളും, ഗ്രന്ഥശാലകളും ഉയർന്നു വരണം. ആശയ പ്രചരണ കേന്ദ്രങ്ങളാകണമവിടങ്ങൾ. പഞ്ചായത്തിലെ ആദ്യ വായനശാലകളായ അടിച്ചേരി 'കൃഷ്ണപിള്ള വയനശാല', കുപ്പത്തെ 'ഭഗത്സിംഗ് വയനശാല', ചൂളിയാട് 'നവോദയ വായനശാല', കലാസമിതികൾ എന്നിവ ഉണ്ടാക്കാൻ അദ്ദേഹം നേതൃത്വം നൽകി. മലപ്പട്ടത്തെ ആദ്യ പാർട്ടി സിക്രട്ടറിമാരിലൊരാളും, ഐക്യനാണയ സംഘത്തിന്റെ പ്രഥമ പ്രസിഡന്റും കുമാരൻ മാഷായിരുന്നു. ഘനഗംഭീര ശബ്ദത്തിലുള്ള ആ മുദ്രാവാക്യം വിളി പഴമക്കാരുടെ കാതുകളിൽ ഇന്നും പ്രതിധ്വനിക്കുന്നു. ആരെയും മുഖത്തുനോക്കി വിമർശിക്കാൻ മടിയില്ലാത്തവൻ, നല്ല വായനക്കാരൻ, സൈദ്ധാന്തികൻ, എന്നീ നിലകളിലൊക്കെയാണ് 'ബൊളീവിയൻ ഡയറി'ക്കുടമയായ കുമാരൻ മാഷിനെക്കുറിച്ച് പഴമക്കാരുടെ മനസ്സിൽ നിറയുന്ന ചിത്രം. 1981 ജൂലൈ 2 ന് ആ ചിത കത്തിയെരിയുമ്പോൾ സംഭവബഹുലമായ ഒരു ജീവിതത്തിനും, പ്രക്ഷുബ്ധഭരിതമായ ഒരു കാലഘട്ടത്തിന്റെ നേർസാക്ഷിയേയുമാണ് നമുക്ക് നഷ്ടമായത്.
  നിത്യപ്രണാമം... നിത്യ ശാന്തി...



 ചെല്ലപ്പെട്ടി
 ദാറുഗുരുക്കൾ എന്നറിയപ്പെട്ട ചെറിയരാമർഗുരു ഉപയോഗിച്ചിരുന്ന ചെല്ലപ്പെട്ടി. വെറ്റിലമുറുക്കാനുള്ള സാധനങ്ങൾ കൊണ്ടുനടക്കാനുപയോഗിച്ചിരുന്ന ഈ ലോഹപ്പെട്ടി ഗുരുനാഥന്റെ മകൾ ദേവിയുടെ മകൻ ശ്രീ ടി ബാലകൃഷ്ണൻ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു.
.

  



No comments:

Post a Comment