അഭിവന്ദ്യരായ പൂർവ്വ വിദ്യാർത്ഥികൾ

അടിച്ചത്ത് ഒതേനൻ
 90 വയസ്സ് തികഞ്ഞിരിക്കുന്നു. കുട്ടികൾക്കുവേണ്ടി കൂമ്പാളക്കോണകവും മണലുകൊണ്ടു പോകുന്ന തൊണ്ടും നിർമിച്ചുതന്നു. പ്രായത്തിന്റെ അവശതകളുണ്ടടെങ്കിലും പഴയ കാര്യങ്ങളൊക്കെ നല്ല ഓർമ്മയുണ്ട്. പി പി കല്യാണിയാണു ഭാര്യ. ഗൗരി, നാരായണൻ,  കാസർഗോഡ് അദ്ധ്യാപകനായ പ്രകാശൻ എന്നിവർ മക്കൾ . ഞങ്ങൾ എന്നും അങ്ങേയ്ക്ക് ആയുരാരോഗ്യം നേരുന്നു.  

                        
 ആമേരി പാറു
വയസ്സ് 92 കഴിഞ്ഞിരിക്കുന്നു. കൂമ്പാളക്കോണകവും തോർത്തുമുണ്ടുമുടുത്ത് സ്കൂളിൽ പോയ കാലം. പുതുപ്പെണ്ണുപോലും മാറുമറക്കാതെ കല്യാണപ്പന്തലിലിറങ്ങുന്നത് നേരിൽക്കണ്ടയാൾ. പെണ്ണിനുമാറുമറക്കാനുള്ള സ്വാതന്ത്ര്യവും, അടിയാളനു കൃഷിഭൂമി സ്വന്തമായി കിട്ടിയതും നേരിട്ടു കണ്ടനുഭവിച്ച പാറുവേടത്തി. നല്ലൊരു കർഷകത്തൊഴിലാളിയായി ജീവിതം ആടിത്തിമർത്ത, നാട്ടുകാരുടെ സ്വന്തം പാറുവേടത്തി. അന്ന് അഞ്ചാംതരം വരെ പഠിച്ചെങ്കിലും ടീച്ചറാകാഞ്ഞത് കർമദോഷം എന്നു വിശസിക്കുന്നു. കുഞ്ഞിരാമൻ, നാരായണൻ, ബാലകൃഷ്ണൻ,പരേതനായ ലക്ഷ്മണൻ എന്നിവർ മക്കൾ.ഒതേനനായിരുന്നു നല്ല പകുതി. ഞങ്ങളെന്നും പ്രാർത്ഥിക്കുന്നു നിങ്ങളുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി.


ചമ്പോച്ചേരി രാമർകുട്ടി (രാമോട്ട്യേട്ടൻ)
തലയിൽക്കെട്ടും, മാടിക്കുത്തും, ചെറിയൊരൂന്നുവടിയുമായി സ്കൂളിനു മുന്നിലൂടെ രാമോട്ട്യേട്ടൻ നടന്നു പോകാറുണ്ട്. ഏറെ ആദരവോടെ മാത്രമെ നമുക്കായാത്ര നോക്കിനിൽക്കാനാവൂ. വയസ്സ് 91 കഴിഞ്ഞു. കൈകാലുകൾക്ക് അല്പം ബലക്ഷയമുണ്ടെങ്കിലും ഓർമയ്ക്കോ കാഴ്ചയ്ക്കോ അല്പവും മങ്ങലേറ്റിട്ടില്ല. കടാങ്കോട്ടു വളപ്പിലും, മുല്ലേരിക്കുന്നത്തു വളപ്പിലും ചൂളിയാട് സ്കൂൾ പ്രവർത്തിച്ച സ്ഥലം കാട്ടിത്തന്നതും, മണ്മറഞ്ഞുപോയ ഗുരുനാഥന്മാരുടെ പേരുവിവരങ്ങൾ എഴുതിത്തന്നതും മുഖ്യമായും ശ്രീ രാമോട്ട്യേട്ടൻ തന്നെ. പഴയ കഥകളും, അല്പം ശ്ലോകവും, ഗുരുക്കന്മാരെക്കുറിച്ചുള്ള അണമുറിയാത്ത സ്മരണകളും, ഒച്ചത്തിലുള്ള പൊട്ടിച്ചിരിയും അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വം. ചൂരിക്കാട്ട് പാറു ഭാര്യ. സർവീസിൽ നിന്നു വിരമിച്ച നാരായണൻ, ശ്രീദേവി, നാരായണി, ഓമന, കണ്ണൂർ കുഞ്ഞിക്കണ്ണൻ ജ്വല്ലറിയിലെ ലക്ഷ്മണൻ എന്നിവർ മക്കൾ.രമോട്ട്യേട്ടന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി എന്നും പ്രാർത്ഥിക്കുന്നു.

കെ പി രാമൻ  
നാട്ടിലെ കർഷകപ്രമുഖൻ. നാട്ടുകാർ വെള്ളാഞ്ഞി എന്നും, വെള്ളാഞ്ഞി രമേട്ടനെന്നും ആദരവോടെ വിളിക്കുന്നു. പ്രായം 80 കടന്നെങ്കിലും, വെളുത്ത ഷർട്ടും മുണ്ടുമുടുത്ത് വലിയ പാത്രത്തിൽ പണിക്കാർക്കുള്ള കഞ്ഞിയുമായി തൃക്കടമ്പ് വയലിലേക്ക് പതിവു യാത്ര. മനസ്സിലെ സ്നേഹം മുഴുവൻ മണ്ണിനും കൃഷിക്കും മാത്രമായി മാറ്റിവെച്ചു. കടാങ്കോട്ടു വളപ്പിലും, മുല്ലേരിക്കുന്നത്തും, പുത്തമ്പുരപ്പറമ്പിലും പഠിച്ചു. മാറുമറക്കാതെ ക്ലാസിലെത്തുന്ന സ്ത്രീ സഹപാഠികളെക്കുറിച്ചു പറഞ്ഞു തരും. ആരെയും കൂസാതെ, ഒന്നിനെയും അനുസരിക്കതെ മണ്ണിനെ മാത്രം പൂജിക്കുകയും, കൃഷിയെ മാത്രം ധ്യാനിക്കുകയും ചെയ്യുന്നു ശ്രീ രമേട്ടൻ. തൊള്ളാപ്പുറത്തു കല്യാണിയാണ് ഭാര്യ. ഹരിദാസൻ, കൃഷ്ണൻ, ശ്രീദേവി, ബീന, പരേതയായ സുജാത എന്നിവരാണ് മക്കൾ. ഞങ്ങൾ എന്നും അങ്ങേയ്ക്ക് ആയുരാരോഗ്യം നേരുന്നു.

കെ പി കണ്ണൻ


പി വി ജാനകി


 ചക്കരയൻ കണ്ണൻ 

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ. ക്ഷേത്രകാര്യങ്ങളിലും പു
രാണങ്ങളിലും അതീവ തല്പരൻ.പൂരക്കളി ആചാര്യൻ. മറത്തുകളിയിൽ അദ്വിതീയനായ ആശാൻ. ചൂളിയാട് സ്കൂൾ നിലനിർത്താൻ ഏറെ അദ്ധ്വാനിച്ച സവിശേഷ വ്യക്തിത്വം.കെ വി ചിയ്യയി ആയിരുന്നു  ഭാര്യ. ജാനകി, പരേതയായ ശാന്ത, രാജൻ, ശ്രീധരൻ, പ്രസന്ന എന്നിവർ മക്കൾ. 

   കളമുള്ള വളപ്പിൽ ഒതേനൻ

............... ൽ ഇഹലോകവാസം വെടിഞ്ഞു. നാരായണൻ, മില്മയിൽ നിന്നു വിരമിച്ച പി പി ദാമോദരൻ, വിദ്യാഭ്യസ വകുപ്പിൽ നിന്നു വിരമിച്ച പി പി ലക്ഷ്മണൻ, ഐ എൻ എം എച്ച് എസ് എസിലെ സഹാദ്യാപകൻ പി പി രഘൂത്തമൻ, പി പി ജനാർദ്ദനൻ എന്നിവർ മക്കളാണ്

No comments:

Post a Comment